കേരളപാണിനീയം

ഒരു ഭാഷയ്ക്കു വ്യാകരണം ചെയ്യുന്നതു രണ്ടു വിധം ആകാം. ആ ഭാഷയിലെ രൂപസിദ്ധിക്രമം, അന്വയസമ്പ്രദായം മുതലായതു് തല്‍ക്കാലത്തെ നടപ്പനുസരിച്ചു പരീക്ഷിച്ചു നോക്കീട്ടു് അതിനെല്ലാം ഉപപത്തിയുണ്ടാക്കത്തക്ക വിധം ചില സിദ്ധാന്തങ്ങളെ കല്‌പിച്ചുകൊള്ളുക. ഇതു അഭ്യൂഹം എന്നു പറയുന്ന കേവലയുക്തിയെ അടിസ്ഥാനമാക്കിപ്പുറപ്പെടുന്ന മാര്‍ഗ്ഗമാകയാല്‍ ഇതിനു് ആഭ്യൂഹികപ്രസ്ഥാനമെന്നു പേര്‍. ഇങ്ങനെ അല്ലെങ്കില്‍ വ്യാകരിക്കേണ്ടുന്ന ഭാഷയുടെ ഉല്‍‌പ്പത്തിമുതല്‍ നാളതുവരെയുള്ള ചരിത്രം ആരാഞ്ഞറിഞ്ഞു് പല പതനങ്ങളിലും ഉണ്ടായിട്ടുള്ള വ്യത്യാസങ്ങളെ കണ്ടു പിടിച്ചു് അതുകളുടെ പോക്കിനു ചേര്‍ന്ന വ്യവസ്ഥകൾ ഏര്‍പ്പെടുത്തുക. ഇതു് ആഗമത്തെ (ചരിത്രത്തെ) ആസ്പദമാക്കീട്ടുള്ള പുറപ്പാടാകയാല്‍ ഇതിനു് ആഗമികപ്രസ്ഥാനമെന്നും പേര്‍. എളുപ്പത്തില്‍ എഴുതിയുണ്ടാക്കാവുന്നതു് ആഭ്യൂഹികവ്യാകരണമായിരിക്കും;എന്നാല്‍ ഉപയോഗമധികം ആഗമികവ്യാകരണം കൊണ്ടാണു്. വ്യാകരണത്തെ ശാസ്ത്രങ്ങളുടെ കൂട്ടത്തില്‍ ഗണിക്കണമെങ്കില്‍ത്തന്നെ അതു് ആഗമികമാര്‍ഗ്ഗത്തിലുള്ളതായിരിക്കണം. 

 
Make a Free Website with Yola.